മലമ്പാമ്പെന്ന് കരുതി അണലിയെ ചാക്കിലാക്കി, ബൈക്കില്‍ സ്റ്റേഷനിലെത്തിച്ചു; മടങ്ങിയപ്പോള്‍ ബൈക്ക് അപകടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 10:17 AM  |  

Last Updated: 30th November 2021 10:17 AM  |   A+A-   |  

snake found

പ്രതീകാത്മക ചിത്രം

 

കൊച്ചി: വീട്ടില്‍ കയറിയ അണലിയെ ചാക്കിലാക്കി സ്റ്റേഷനിലെത്തിച്ചു. മലമ്പാമ്പാണെന്ന് കരുതിയാണ് പാമ്പിനെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ഇത് അണലിയാണെന്ന് തിരിച്ചറിഞ്ഞത്.

ഇന്നലെ മരട് മാടവന തേനാളിക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ഒന്നാം നിലയിലെ ബാത്തുറൂമില്‍ കയറിയ വമ്പന്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ ഭയന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ അയല്‍വാസിയാണ് പാമ്പിനെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. ആദ്യം ബെഡ് റൂമില്‍ ഒളിച്ച പാമ്പ് പിന്നീട് ആള് കൂടിയപ്പോള്‍ പൈപ്പിലൂടെ താഴേക്ക് ഇറങ്ങി അടുക്കളയില്‍ ഇരിപ്പായി. തുടര്‍ന്ന് അയല്‍വാസിയും വീട്ടുടമയും ചേര്‍ന്ന്  പാമ്പിനെ പിടികൂടി ഒരു വിധത്തില്‍ പ്ലാസ്റ്റിക് ചാക്കിലാക്കി.

മലമ്പാമ്പ് ആണെന്ന് കരുതി പാമ്പുമായി ഇരുചക്രവാഹനത്തില്‍ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പോയി. പ്ലാസ്റ്റിക് ചാക്കിലൂടെ നോക്കിയ പൊലീസുകാരനാണ് ചാക്കിനുള്ളില്‍ അണലിയാണെന്ന് തിരിച്ചറിഞ്ഞത്. പാമ്പുമായി തിരിച്ചുപോകുന്നതിനിടെ മാടവന ജംഗ്ഷനില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ വീണു. തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിയെത്തിയെങ്കിലും ചാക്കില്‍ അണലി പാമ്പ് ആണ് എന്ന് അറിഞ്ഞതോടെ എല്ലാവരും ഭയന്ന് മാറി. പിന്നീട് ചാക്ക് സഹിതം വീട്ടുടമയുടെ പരിസരത്തെ പറമ്പിലെത്തി ചാക്കഴിച്ച് വിട്ടു.