നീരൊഴുക്ക് കൂടി, ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറില്‍ ഒമ്പതു ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2021 11:09 AM  |  

Last Updated: 30th November 2021 11:22 AM  |   A+A-   |  

mullaperiyar opened

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം

 

കുമളി: തുറന്നുവിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് 142 അടിയായത്. ഇതേത്തുടര്‍ന്നാണ് സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 

അഞ്ചു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതവും നാലെണ്ണം 30 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. 5691.16 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്‌നാട് ടണല്‍ വഴി 2300 ക്യൂസെക്‌സ് വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 7991.16 ക്യൂസെക്‌സ് ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.

നീരൊഴുക്ക് ശക്തമാണ്

141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയിലെത്തിയതോടെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ ഷട്ടറുകള്‍ തുറന്നു. കഴിഞ്ഞ ദിവസം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. 

പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി

അണക്കെട്ട് തുറന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിൽ ജലനിരപ്പ് ഏതാണ്ട് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം ഒഴുകിയെത്തിയതോടെ പെരിയാർ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.