പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയില്‍, ആശുപത്രി ബില്ല് മോന്‍സന്‍ അടച്ചു; പരാതി നല്‍കിയവരില്‍ രണ്ടു പേര്‍ ഫ്രോഡുകള്‍: ശ്രീനിവാസന്‍

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലെന്ന് നടന്‍ ശ്രീനിവാസന്‍
നടന്‍ ശ്രീനിവാസന്‍
നടന്‍ ശ്രീനിവാസന്‍

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലെന്ന് നടന്‍ ശ്രീനിവാസന്‍. മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ള ഫോട്ടോ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.

മോന്‍സന്‍ തട്ടിപ്പുകാരനാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ല. മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടു പേര്‍ ഫ്രോഡുകളാണ്. പണത്തോട് അത്യാര്‍ത്തിയുള്ളവരാണ്  മോന്‍സന് പണം നല്‍കിയത്. മോന്‍സനെ പറ്റിക്കാം എന്ന ചിന്തയാണ് അവര്‍ക്ക് ഉണ്ടായിരുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അതില്‍ ഒരാളെ നേരിട്ട് അറിയാം. അമ്മാവനെ വരെ പറ്റിച്ചയാളാണ്. സിനിമയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന് മോന്‍സന്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പുരാവസ്തു ശേഖരം ഉണ്ട് എന്ന് അറിഞ്ഞാണ് പോയത്. അവിടെ വച്ച് പുരാവസ്തുവിനെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ് സംസാരിച്ചത്. അന്ന് തനിക്ക് സുഖമില്ലാത്ത സമയമായിരുന്നു. രോഗിയായ ഞാന്‍ ഡോക്ടറെ കാണുന്നത് തെറ്റില്ലല്ലോ. അന്ന് വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹരിപ്പാട്ട് ഒരു ആയുര്‍വ്വേദ ആശുപത്രിയുണ്ടെന്നും വിളിച്ചുപറയാമെന്നും പറഞ്ഞു. അതനുസരിച്ച് പത്തു, പതിനഞ്ച് ദിവസം അവിടെ ചികിത്സയ്ക്കായി തങ്ങി. അവിടത്തെ ചികിത്സയ്ക്കുള്ള പണം നല്‍കിയത് മോന്‍സനാണ്. പണം അടയ്ക്കാന്‍ ചെന്നപ്പോഴാണ് മോന്‍സന്‍ പണം അടച്ച കാര്യം അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

മോന്‍സന് പണം കൊടുത്ത രണ്ടുപേര്‍ ഫ്രോഡുകളാണ്. പണത്തോട് അത്യാര്‍ത്തിയുള്ളവരായിരുന്നു അവര്‍. മോന്‍സന് പണം നല്‍കി കൂടുതല്‍ സമ്പാദിക്കാം എന്നാണ് അവര്‍ കരുതിയത്. അതില്‍ ഒരാള്‍ തന്റെ സുഹൃത്തിന്റെ ബന്ധുവാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com