ബസ് സ്‌റ്റോപ്പില്‍ മദ്യപാനം, ചോദ്യം ചെയ്ത യുവാവിനെ ബസ് ജീവനക്കാര്‍ തള്ളിയിട്ടു, ചക്രം കയറി ഇറങ്ങി യുവാവിന്റെ കാലുകള്‍ തകര്‍ന്നു

സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ തള്ളിയിട്ടതോടെ റോഡിൽ വീണ യുവാവിന്റെ കാലുകളിലൂടെ ബസ് കയറി ഇറങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൃപ്പൂണിത്തുറ: സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ തള്ളിയിട്ടതോടെ റോഡിൽ വീണ യുവാവിന്റെ കാലുകളിലൂടെ ബസ് കയറി ഇറങ്ങി. മദ്യപാനം ചോദ്യം ചെയ്തതിനാണ് സ്വകാര്യ ബസിൽ നിന്നും യുവാവിനെ ജീവനക്കാർ തള്ളിയിട്ടത്. 

ബസിന്റെ പിൻചക്രം യുവാവിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ കിഴക്കേക്കോട്ട കൂളിയാട്ട് രാജേഷിന്റെ (46) ഇരുകാലുകളും തകർന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്.

രാജേഷിന്റ് ഇടതു കാലിൽ ആറ് ഒടിവുകളും വലതു കാലിൽ അഞ്ച് ഒടിവുകളുമുണ്ട്.  വ്യാഴാഴ്ച വൈകീട്ട് 6.53- നാണ് സംഭവം. പൂത്തോട്ട -എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് രാജേഷിന്റെ കാലിലൂടെ കയറിയിറങ്ങിയത്. ‌സ്റ്റോപ്പിന് സമീപത്ത് ബസ് തൊഴിലാളികളും ബസിലേക്ക്‌ ആളുകളെ വിളിച്ചു കയറ്റുന്നവരും സ്ഥിരമായി മദ്യപിക്കുന്നതായും അവിടെനിന്ന് മൂത്രമൊഴിക്കുന്നതായും പരാതി ഉയർന്നിരുന്നു. സമീപത്ത് താമസിക്കുന്ന രാജേഷ് ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്.

വാക്കുതർക്കത്തിനിടെ രാജേഷിനെ മർദിച്ചതിന് ശേഷം ബസ് ജീവനക്കാർ ഓടി ബസിൽ കയറി. പിന്നാലെ ഓടി ബസിൽ കയറാനൊരുങ്ങിയ രാജേഷിനെ ഡോറിൽ നിന്നും ചവിട്ടി താഴെയിടുകയായിരുന്നു. അതിനിടെ ബസ് മുന്നോട്ടെടുത്തതോടെ രാജേഷിന്റെ കാലുകളിലൂടെ പിൻചക്രം കയറിയിറങ്ങി. തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com