ബിസിനസ് പങ്കാളിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി : സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍

കച്ചവടാവശ്യത്തിനും സിനിമാ നിര്‍മാണത്തിനുമായി അംജിത്ത് ഷബീറില്‍നിന്നു ലക്ഷക്കണക്കിനുരൂപ കൈപ്പറ്റിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ് അറസ്റ്റിലായി. 'കിങ് ഫിഷര്‍' എന്ന സിനിമയുടെ നിര്‍മാതാവ് മങ്ങാട് അജി മന്‍സിലില്‍ അംജിത്ത് (46) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായത്. അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ ഷബീറി(40)നെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലാണ് അംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കേസിലെ പ്രതികളായ കിളികൊല്ലൂര്‍ ഒരുമ നഗര്‍ കാട്ടുപുറത്തുവീട്ടില്‍ ദിനേശ് ലാല്‍ (വാവാച്ചി), ചമ്പക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ എസ് ഷാഫി, നക്ഷത്ര നഗര്‍ റഹിയാനത്ത് മന്‍സിലില്‍ വിഷ്ണു (22), വയലില്‍ പുത്തന്‍വീട്ടില്‍ പ്രജോഷ് (31), കിളികൊല്ലൂര്‍ സ്വദേശി മാഹിന്‍ എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒരു പ്രതി ട്രെയിന്‍ ഇടിച്ച് മരിച്ചു. 

2019 മേയ് എട്ടിന് രാത്രി എം സിറോഡില്‍ കരിക്കത്ത് വെച്ചായിരുന്നു അക്രമം. ഗള്‍ഫില്‍ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഷബീറിന്റെ കാര്‍, ആഡംബര വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വടിവാളും ഇരുമ്പുകമ്പിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഡ്രൈവറെ ഓടിച്ചശേഷം ഷബീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഷബീറും അംജിത്തും പങ്കാളിത്ത വ്യവസ്ഥയില്‍ ദുബായില്‍ മൊബൈല്‍ കട നടത്തിയിരുന്നു. കച്ചവടാവശ്യത്തിനും സിനിമാ നിര്‍മാണത്തിനുമായി അംജിത്ത് ഷബീറില്‍നിന്നു ലക്ഷക്കണക്കിനുരൂപ കൈപ്പറ്റി. ഇതു തിരികെ നല്‍കാതിരിക്കാനാണ് ഷബീറിനെ കൊല്ലാന്‍ ചമ്പക്കുളം സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുലക്ഷം രൂപയ്ക്കാണ് അംജിത്ത് ക്വട്ടേഷന്‍ നല്‍കിയത്.  

പണം കൂടാതെ ക്വട്ടേഷന്‍ സംഘത്തിലെ മാഹിന് ഗള്‍ഫില്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. വിവാഹ ആവശ്യത്തിനായി നാട്ടിലെത്തിയ ഷബീര്‍ ഗള്‍ഫിലേക്ക് മടങ്ങുന്ന ദിവസവും സമയവുമെല്ലാം അംജിത്ത് സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ കാലാവധി കഴിഞ്ഞെന്ന ധാരണയില്‍ അംജിത്ത് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com