സാമ്പത്തിക സംവരണം റദ്ദാക്കണം; സര്‍ക്കാരിന് എതിരെ എഐവൈഎഫ് സമ്മേളനങ്ങളില്‍ പ്രമേയം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലംസമ്മേളനങ്ങളില്‍ പ്രമേയം
എഐവൈഎഫ് പതാക
എഐവൈഎഫ് പതാക

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലംസമ്മേളനങ്ങളില്‍ പ്രമേയം. സാമ്പത്തിക സംവരണം അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി റദ്ദു ചെയ്യണെന്നും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് എഐവൈഎഫ് സമ്മേളനങ്ങളില്‍ പ്രമേയം അവതരിപ്പിച്ചത്.

മണ്ണാര്‍ക്കാട്, വൈപ്പിന്‍,കൊടുങ്ങല്ലൂര്‍ തുടങ്ങി പല മണ്ഡലം സമ്മേളനങ്ങളിലും പ്രമേയം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമ്മേളനങ്ങള്‍ പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും, ചിലയിടത്ത് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക്‌ സമര്‍പ്പിക്കുകയും ചെയ്തു. 

സാമ്പത്തിക ഭദ്രതയെ അടിസ്ഥാനപ്പെടുത്തി സംവരണവും തുടര്‍ന്ന് ആനുകൂല്യങ്ങളും നല്‍കുകയാണ് നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയും ചെയ്തിരുന്നു.

തൃശൂര്‍ ജില്ലയിയിലെ എല്ലാ മണ്ഡലം സമ്മേളനങ്ങളിലും സാമ്പത്തിക സംവരണം റദ്ദാക്കണം എന്ന പ്രമേയം വന്നു. ദേശീയ കമ്മിറ്റിക്ക് വിടുന്നു എന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഔദ്യോഗിക പ്രമേയമായി തന്നെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം എന്ന പ്രമേയം അവതരിപ്പിക്കപ്പെടുകയായിരുന്നു. പ്രമേയം ഐക്യകണ്‌ഠേന പാസാക്കപ്പെട്ടു. 

സിപിഐ ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ്, സര്‍ക്കാരിന് എതിരെ  യുവജന സംഘടന രംഗത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായതിന് പിന്നാലെ എഐഎസ്എഫും എഐവൈഎഫും ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐയുടെ ഭാഗത്തുനിന്നുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com