വെള്ളം കുടിക്കാൻ ബുദ്ധിമുട്ട്, ‘മന്ത്രവാദ ചികിത്സ’യ്ക്കു കൊണ്ടുപോയ പെൺകുട്ടി മരിച്ചത് പേവിഷബാധയേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തലച്ചോറിലാകെ വൈറസ് ബാധിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആർച്ചയ്ക്കു പട്ടിയുടെ കടിയേറ്റത് എന്നാണെന്നു  വ്യക്തമല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; മന്ത്രവാദ ചികിത്സയ്ക്കു കൊണ്ടുപോയ 17കാരി കുഴഞ്ഞു വീണു മരിച്ചത് പേവിഷബാധയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  മുള്ളുമല പട്ടികവർഗ കോളനിയിലെ പുഷ്പാംഗദന്റെ മകൾ ആർച്ചയാണ് കഴിഞ്ഞ മാസം 13 ന് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം പേവിഷബാധയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. 

‘മന്ത്രവാദ ചികിത്സയ്’ക്കായി ളാഹയിലേക്കു കൊണ്ടുപോകും വഴിയാണു മരണമുണ്ടായത്. തലച്ചോറിലാകെ വൈറസ് ബാധിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആർച്ചയ്ക്കു പട്ടിയുടെ കടിയേറ്റത് എന്നാണെന്നു  വ്യക്തമല്ല. മരിക്കുന്നതിനു മുൻപ് ഒരാഴ്ച ആർച്ച സഹോദരിയോടൊപ്പം അടൂരിൽ താമസിച്ചിരുന്നു. സെയിൽസ് ജോലി ചെയ്തിരുന്ന ഇവരോടൊപ്പം പല സ്ഥലങ്ങളിൽ ജോലിക്കുപോയതായും വിവരമുണ്ട്. ഇവിടെനിന്നു വീട്ടിൽ തിരിച്ചെത്തിയ ശേഷമാണു ശാരീരികവും മാന‌സികവുമായ അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പെൺകുട്ടിക്ക് വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. എന്നാൽ  ആശുപത്രിയിലേക്കു മാറ്റാതെ മന്ത്രവാദ ചികിത്സയ്ക്കു കൊണ്ടുപോയെന്നാണു വിവരം.

ആർച്ചയെയും സമീപവാസിയായ കുഞ്ഞുമോനെയും കോളനിയിൽത്തന്നെ വളർത്തിയിരുന്ന ഒരു നായ  കഴിഞ്ഞവർഷം നവംബർ ആറിനു കടിച്ചിരുന്നു. കുഞ്ഞുമോൻ ഈ വർഷം മാർച്ച് 4നു കുഴഞ്ഞുവീണു മരിച്ചു. ആർച്ചയ്ക്ക് അനുഭവപ്പെട്ട ലക്ഷണങ്ങളാണ് ഇയാൾക്കും ഉണ്ടായിരുന്നതെന്നു കുഞ്ഞുമോന്റെ സഹോദരി കുഞ്ഞുമോൾ പറഞ്ഞു. ഇക്കാര്യം  ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നില്ല. കുഞ്ഞുമോന്റെ മരണകാരണം പേ വിഷബാധയാണെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിരുന്നില്ല. കടിച്ചതിന്റെ അടുത്തദിവസം തന്നെ നായ  ചത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com