മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ചു കൊലപാതകം; ഉത്ര വധക്കേസില്‍ വിധി തിങ്കളാഴ്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th October 2021 12:46 PM |
Last Updated: 04th October 2021 12:46 PM | A+A A- |

ഭർത്താവ് സൂരജും കൊല്ലപ്പെട്ട ഉത്രയും/ ഫയൽ ചിത്രം
കൊല്ലം: അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസില്‍ തിങ്കളാഴ്ച വിധി പറയും. ഭര്‍ത്താവ് സൂരജ് പ്രതിയായ കേസില്‍ കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കേസില്‍ സൂരജ് മാത്രമാണ് പ്രതി. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആയരത്തി അഞ്ഞൂറില്‍ അധികം പേജുള്ള കുറ്റപത്രത്തില്‍ 217 സാക്ഷികളുണ്ട്.
കൊലപാതകം പുനരാവിഷ്‌കരിച്ച് ഡമ്മിപരിശോധനയടക്കം നടത്തിയായിരുന്നു അന്വേഷണം. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ െ്രെകംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24നാണ് സൂരജ് അറസ്റ്റിലായത്.
ഏപ്രില്‍ രണ്ടിനാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നല്‍കിയത്.
കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്. പാമ്പ് പിടിത്തകാരന്‍ സുരേഷ് മാപ്പുസാക്ഷി ആയി.