അതെല്ലാം വീരവാദങ്ങളോ? കൊന്ന് മെട്രോയുടെ പില്ലറില്‍ കുഴിച്ചുമുടിയതുള്‍പ്പെടെയുള്ള മോന്‍സന്റെ വാദങ്ങള്‍ അന്വേഷിക്കും

പരാതിക്കാരുടെ മൊഴി കണക്കിലെടുത്താണ് മോൻസന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷണ സംഘം പരിശോധിക്കുന്നത്
മോൻസൻ മാവുങ്കൽ
മോൻസൻ മാവുങ്കൽ

കൊച്ചി: മുംബൈയിൽ വെച്ച് ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടുണ്ടെന്ന് ഉൾപ്പെടെ മോൻസൻ മാവുങ്കൻ പരാതിക്കാരോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം. തനിക്ക് മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്നും പരാതിക്കാരോട് മോൻസൻ പറഞ്ഞിരുന്നു. പരാതിക്കാരുടെ മൊഴി കണക്കിലെടുത്താണ് മോൻസന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷണ സംഘം പരിശോധിക്കുന്നത്. 

മോൻസൻ തന്നെ പരാതിക്കാരോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.  ഒരാളെ കൊലപ്പെടുത്തിയെന്ന് മോൻസൻ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കും. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടയിൽ പരിക്കേറ്റിരുന്നുവെന്നും മോൻസൻ പറഞ്ഞിരുന്നു. മറ്റുള്ളവരെ ഭയപ്പെടുത്താനും ആളാകാനും വേണ്ടി മോൻസൺ പറഞ്ഞ വീരവാദങ്ങളാവാം ഇതെല്ലാം എന്നാണ് അന്വേഷണ സംഘം ആദ്യം വിലയിരുത്തിയത്. എന്നാൽ ഡൽഹിയിലടക്കം വലിയ ബന്ധങ്ങൾ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിലേക്ക് പോകുന്നത്.

അതിനിടയിൽ മോൻസൺ മാവുങ്കലിനെതിരേ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നൽകിയ പരാതിയിലാണിത്. ശില്പങ്ങൾ വാങ്ങിയ ശേഷം മൂന്നുകോടി രൂപ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി. മോൻസണിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ ഏറെയും സന്തോഷ് നിർമിച്ച് നൽകിയവയായിരുന്നു. 

മോൻസന്റെ വിദേശ ബന്ധവും അന്വേഷിക്കുന്നുണ്ട്. മോൻസണുമായി വിദേശത്തു നിന്ന് നിരന്തരം ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളപ്പണത്തിന്റെ സാന്നിധ്യം മോൻസൺന്റെ ഇടപാടുകളിൽ സംശയിക്കുന്നുണ്ട്. മോൻസണിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിച്ചുതാമസിക്കാൻ മോൻസൺ സഹായം നൽകി എന്നതുൾപ്പെടെയുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com