മോന്‍സന്റെ അടുത്ത് ആരൊക്കെ പോയി, ചികില്‍സ തേടി എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി ; സുധാകരനെതിരെ ഒളിയമ്പ്

തട്ടിപ്പുകാരെല്ലാം എന്തിന് പിണറായിയുടെ അടുത്ത് വരുന്നു  എന്ന് പി ടി തോമസ് ചോദിച്ചു
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം : ആരൊക്കെ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. 

കഴിഞ്ഞമാസം 9 നാണ് മോന്‍സനെക്കുറിച്ച് പരാതി കിട്ടിയത്. അതിനു മുമ്പ് ഡിജിപി സന്ദര്‍ശിച്ചതിന് ശേഷം മോന്‍സനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കാതിരിക്കാനാകില്ല. അത്ര മാത്രമേ ചെയ്തിട്ടുള്ളൂ. മോൻസന്റെ വീടിന് സുരക്ഷ നൽകിയതിലെ വീഴ്ച അന്വേഷിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയുടെ പേരിലുള്ള ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ല. ഒരു തരത്തിലും സര്‍ക്കാര്‍ ചെമ്പോല ഉപയോഗിച്ച് ശബരിമലക്കെതിരെ ദുഷ് പ്രചാരണം നടത്തിയിട്ടില്ല. മോന്‍സന്റെ കയ്യില്‍ നിന്നും ലഭിച്ച ചെമ്പോലയിലെ വിശദാംശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശബരിമലക്കെതിരെ വ്യാജപ്രചാരണം അഴിച്ചു വിട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മോന്‍സന്റെ പുരാവസ്തുവിന്റെ ആധികാരികതയെക്കുറിച്ച് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടില്ല. 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്. അന്വേഷണം എത്തേണ്ടവരില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷത്തെ പി ടി തോമസ് ആണ് മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് അടിയന്ത പ്രമേയമായി നിയമസഭയില്‍ ഉന്നയിച്ചത്. മുന്‍ ഡിജിപി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരനുമായി ബന്ധമുണ്ട്. പൊലീസ് മേധാവിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെ എങ്ങനെ എത്തി. അവര്‍ക്ക് തട്ടിപ്പുകാരനായ വ്യക്തിയുമായി എത്രത്തോളം ബന്ധമുണ്ട്. അയാളുടെ തട്ടിപ്പിന് ഇവര്‍ സഹായമ നല്‍കിയോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.  

ഉന്നത ഉദ്യോഗസ്ഥര്‍ മോന്‍സന് സുരക്ഷ നല്‍കുകയാണ്. ഇറ്റാലിയന്‍ പൗരത്വമുള്ള യുവതി തട്ടിപ്പുകാരനും സര്‍ക്കാരും തമ്മിലുള്ള ഇടനിലക്കാരിയാണോ എന്നും പിടി തോമസ് ചോദിച്ചു. പൊലീസിന്റെ സമ്മേളനത്തില്‍ മോന്‍സനും ഇറ്റലിയില്‍ നിന്നുള്ള ഇടനിലക്കാരിയും പങ്കെടുത്തു. 

വ്യാജ ചെമ്പോല ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചു. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നല്‍കിയത് 2019 ലാണ്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് പറയുന്നുവെന്ന് പിടി തോമസ് കുറ്റപ്പെടുത്തി. തട്ടിപ്പുകാരെല്ലാം എന്തിന് പിണറായിയുടെ അടുത്ത് വരുന്നു ?. മോന്‍സന്‍ വിഷയത്തില്‍ കെ സുധാകരന് ഒന്നും മറയ്ക്കാനില്ലെന്നും പിടി തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com