'എന്റെ വേദന കേരളം ഏറ്റെടുക്കണം, സ്ത്രീധനത്തിനായി മകളെ ക്രൂരമായി പീഡിപ്പിക്കുന്നു'; ആത്മഹത്യയ്ക്ക് മുമ്പ് പിതാവിന്റെ വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th October 2021 08:15 AM |
Last Updated: 05th October 2021 08:15 AM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
മലപ്പുറം: മലപ്പുറത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ. കഴിഞ്ഞ മാസം 23ന് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച മൂസക്കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു മരണം.
''മകളെ ഭർത്താവ് അബ്‍ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു'' എന്നാണ് മൂസക്കുട്ടി വീഡിയോയിൽ പറയുന്നത്. വിഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്‍ദുൾ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. വിവാഹ സമയത്ത് നൽകിയ 18 പവന്റെ സ്വർണാഭരണങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവൻ വീണ്ടും മൂസക്കുട്ടി നൽകി. പത്ത് പവൻ കൂടി നൽകിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഹമീദ് വഴക്കുണ്ടാക്കി. ഹിബയുടെ പരാതിയിൽ പൊലീസ് അബ്‍ദുൾ ഹമീദിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തു.