പരാതി നൽകാനെത്തിയ ആളെ പൊലീസ് വിലങ്ങിട്ട് പൂട്ടി, ചൂരൽ കൊണ്ടടിച്ചു; കാടത്തമെന്ന് ഹൈക്കോടതി 

പരാതി നൽകിയശേഷം തിരികെ വന്ന് രസീത് ആവശ്യപ്പെട്ടതാണു ഉദ്യോ​ഗസ്ഥരെ പ്രകോപിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മറ്റൊരാൾ അസഭ്യം പറഞ്ഞതിനെതിരെ നൽകിയ പരാതിയുടെ രസീത് ചോദിച്ച പരാതിക്കാരനെ ചൂരൽ കൊണ്ട് അടിച്ച് കൈവിലങ്ങിട്ടു പൂട്ടിയതും കള്ളക്കേസിൽ കുടുക്കിയതും പൊലീസിന്റെ കാടത്തമെന്ന് ഹൈക്കോടതി. തെന്മല പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നു കാണിച്ച് ഉറുകുന്ന് സ്വദേശി കെ. രാജീവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സംഭവത്തിൽ കൊല്ലം ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിൽ എന്തു നടപടിയെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കണമെന്നു കോടതി നിർദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരി 3ന് ഹർജിക്കാരൻ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയശേഷം തിരികെ വന്ന് രസീത് ആവശ്യപ്പെട്ടതാണു ഉദ്യോ​ഗസ്ഥരെ പ്രകോപിപ്പിച്ചത്. തന്നെ ചൂരൽ കൊണ്ട് അടിച്ചെന്നും കള്ളക്കേസ് എടുത്തുവെന്നും ഹർജിക്കാരൻ ആരോപിച്ചു. സ്റ്റേഷനു മുന്നിലെ കൈവരിയിൽ വിലങ്ങിട്ടു പൂട്ടി‌യെന്നും ഇയാൾ പരാതിയിൽ പറയുന്നു. 

2021 മേയ് 25നു ഡിവൈഎസ്പി റൂറൽ എസ്പിക്കു നൽകിയ റിപ്പോർട്ടിൽ തെന്മല ഇൻസ്പെക്ടർ വിശ്വംഭരൻ, എസ്ഐ ഡി ജെ ശാലു എന്നിവർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്. പരാതിക്കു രസീത് നൽകുക എന്ന സാമാന്യ നടപടിക്രമം പാലിച്ചില്ല എന്നുമാത്രമല്ല അയാൾക്കെതിരെ കെട്ടിച്ചമച്ച കേസുകൾ റജിസ്റ്റർ ചെയ്യുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 

റിപ്പോർട്ട് കണ്ടു ഞെട്ടിയെന്നും ചിന്തിക്കാവുന്നതിനും അപ്പുറമാണിതെന്നും കോടതി പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും ഇൻസ്പെക്ടർ, എസ്ഐ എന്നിവർ സർവീസിൽ തുടരുന്നത് അലോസരപ്പെടുത്തുന്നു. ദുർബല വിഭാഗങ്ങൾക്കു നിയമ സംവിധാനത്തിന്റെ പൂർണ പിന്തുണ നൽകണമെന്ന കാര്യവും മനസ്സിരുത്തി ഡിജിപി മറുപടി നൽകണമെന്നു കോടതി നിർദേശിച്ചു. ഇൻസ്പെക്ടർ, എസ്ഐ എന്നിവരിൽ നിന്നു നേരിടേണ്ടി വന്ന മാനസിക, ശാരീരിക പീഡനങ്ങൾക്കു നഷ്ടപരിഹാരം അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com