കുട്ടികള്‍ കുറവെങ്കില്‍ ഷിഫ്റ്റ് വേണ്ട; സ്‌കൂളില്‍ ഹെല്‍പ്പ്‌ലൈന്‍ നിര്‍ബന്ധം; രോഗലക്ഷണമുള്ളവരുടെ  രജിസ്റ്ററും വേണം; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി 

കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കുന്നതാണ്.
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസതൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു.

 ആദ്യഘട്ടത്തില്‍ കഌസുകള്‍ രാവിലെ ക്രമീകരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്. സ്‌കൂള്‍തല ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കുന്നതാണ്. സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്കയോഗങ്ങള്‍ എന്നിവ ചേരുന്നതാണ്. ജില്ലാതലത്തില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തുന്നതാണ്.

ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കുന്നതാണ്.

പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.

സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരുന്നതാണ്.

സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com