കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഇരിങ്ങാലക്കുട നഗരസഭയില്‍ കയ്യാങ്കളി ; എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ബഹളത്തില്‍ കലാശിച്ചത്
നഗരസഭയിലെ കയ്യാങ്കളി / ടെലിവിഷന്‍ ചിത്രം
നഗരസഭയിലെ കയ്യാങ്കളി / ടെലിവിഷന്‍ ചിത്രം

തൃശൂര്‍ : ഇരിങ്ങാലക്കുട നഗരസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലിയാണ് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ ഏറ്റുമുട്ടിയത്. കൗണ്‍സിലര്‍മാരെ പിന്നീട് പൊലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്. 

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിലെ 20 ഓളം വാര്‍ഡുകളില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കിയത് കരുവന്നൂര്‍ ബാങ്ക് വഴിയാണ്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് വിവാദമായതോടെ പെന്‍ഷന്‍ വിതരണവും നിലച്ചിരുന്നു. 

ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്‌സണ് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ച യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

കൊണ്‍സിലര്‍ ശ്യാംലിന്‍ അവതിപ്പിച്ച പ്രമേയത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും, സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നുമുള്ള പരാമര്‍ശം നടത്തിയതാണ് സിപിഎം കൗണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്. 

ഇതിനെതിരെ സിപിഎം അംഗങ്ങള്‍ രംഗത്തുവന്നതോടെ, കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിച്ചു. ഇതിനിടെ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യേണ്ടെന്നും, പെന്‍ഷന്‍ കാര്യം മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും പെയര്‍പേഴ്‌സന്‍ പറഞ്ഞു. 

സിപിഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അംഗങ്ങളെ പിന്തിരിപ്പിച്ചത്. പിന്നീട് നഗരസഭ ഉപരോധിച്ചും പ്രതിപക്ഷ കൊണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com