ആ പണം സര്‍ക്കാരിന് കൈമാറാന്‍ വരട്ടേ; അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികള്‍ക്കായി പിരിച്ച തുക സമിതികള്‍ കൈവശം വയ്ക്കണമെന്ന് ഹൈക്കോടതി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി എംഎല്‍എമാരായ മഞ്ഞളാംകുഴി അലിയുടെയും എം വിജിന്റെയും നേതൃത്തിലുള്ള ട്രസ്റ്റുകള്‍ പിരിച്ച തുക കൈമാറുന്നതാണ് കോടതി തടഞ്ഞത്
ഹൈക്കോടതി/ഫയല്‍ ചിത്രം
ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: അപൂര്‍വ്വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി പിരിച്ചെടുത്ത തുക സര്‍ക്കാരിന് കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി എംഎല്‍എമാരായ മഞ്ഞളാംകുഴി അലിയുടെയും എം വിജിന്റെയും നേതൃത്തിലുള്ള ട്രസ്റ്റുകള്‍ പിരിച്ച തുക കൈമാറുന്നതാണ് കോടതി തടഞ്ഞത്. 

പെരിന്തല്‍മ്മണ സ്വദേശിയായ  ഇമ്രാന്‍ മുഹമ്മദ് എന്ന ആറുമാസം പ്രായമുള്ള കുട്ടിയ്ക്ക് വേണ്ടിയാണ് മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ചത്. എന്നാല്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഇമ്രാന്‍ മുഹമ്മദ് ചികിത്സയിലിരിക്കെ മരിച്ചു. 16.5കോടിരൂപയാണ് പിരിച്ചെടുത്തത്. തുടര്‍ന്ന് ഇതേ അസുഖമുള്ള മറ്റു കുട്ടികള്‍ക്ക് വേണ്ടി പണം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. 

എസ്എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി 46.78കോടിരൂപ പിരിച്ചെടുത്തതായി കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ കോടതിയില്‍ അറിയിച്ചു. 18കോടി ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചു. ബാക്കി തുക സംസ്ഥാന സര്‍ക്കാരിന് കൈമാറാനാണ് തീരുമാനമെന്ന് വിജിന്‍ വ്യക്തമാക്കി. മറ്റൊരു ഉത്തരവ് വരുന്നതുവരെ പണം കമ്മിറ്റികള്‍ തന്നെ സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. 

ഇത്തരം ഫണ്ടുകള്‍ വിലയിരുത്താന്‍ കൃത്യമായ സംവിധാനങ്ങളില്ല. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ഫണ്ട് ശേഖരിക്കാന്‍ സംസ്ഥാനം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, രണ്ട് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരത്തില്‍ വലിയ തുകകള്‍ ശേഖരിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. 

താരങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കുന്ന പബ്ലിസിറ്റിയാണ് ഇത്തരം ക്രൗഡ് ഫണ്ടിങ്ങുകളെ കേരളത്തില്‍ സുഗമമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 

ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതായും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ കാരണം തങ്ങളുടെ പണം നഷ്ടപ്പെടുന്നതായി ജനങ്ങള്‍ ചിന്തിക്കുന്നു. ഉത്തരവാദിത്തമുള്ളതും സുതാര്യവും ഏറ്റവും പ്രധാനമായി കാര്യക്ഷമവുമായ എന്തെങ്കിലും രീതിയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 

അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവര്‍ക്കായുള്ള ധനസമാഹരണ പദ്ധതികളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ഇത്തരത്തിലുള്ള ക്യാമ്പനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അത് വിജയമാണെന്ന വാര്‍ത്ത ശ്രദ്ധിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com