വിമാനത്തിലെ ​ഗാലി പ്രസവമുറിയായി, ലണ്ടൻ- കൊച്ചി വിമാനത്തിൽ മലയാളി യുവതി ആൺകുഞ്ഞിന് ജന്മംനൽകി

ഏഴു മാസം ​ഗർഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രസവം നടക്കുകയായിരുന്നു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കൊച്ചി; ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുളള എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതി പ്രസവിച്ചു. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പാണ് വിമാനത്തിൽവട്ട് ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണു സംഭവം. ഏഴു മാസം ​ഗർഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രസവം നടക്കുകയായിരുന്നു. 

ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണു വിമാനം പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അൽപ സമയത്തിനുള്ളിൽ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താൽക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്. 

ഏഴാം മാസത്തിലായിരുന്നു പ്രസവം. അതിനാൽ 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശത്തിനെ തുടർന്ന് ഏറ്റവുമടുത്ത ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടൻ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തിൽ നിന്നിറക്കി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് 6 മണിക്കൂർ വൈകിയാണു വിമാനം കൊച്ചിയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com