ഇനി നോക്കുകൂലി എന്ന് കേട്ടുപോകരുത്, കൊടിയുടെ നിറം നോക്കാതെ നടപടി വേണം; വിമര്‍ശനവുമായി ഹൈക്കോടതി

നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി എന്നൊരു വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇത് തുടച്ചുനീക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്ഡ് യൂണിയനുകളില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. 

നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെന്നും കോടതി പറഞ്ഞു. കേരളത്തില്‍ ഒരു മിലിറ്റന്റ് ട്രേഡ് യൂണിയനിസം നടക്കുന്നുവെന്ന പ്രതിച്ഛായയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തൊഴിലുടമ തൊഴില്‍ നിഷേധിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടത്. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ല. വിഎസ്എസ്‌സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളടക്കം അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നോക്കുകൂലിയുമായി ബന്ധപ്പെട്ട പൊലീസ് സംരക്ഷണ ഹര്‍ജികള്‍ കൂടിവരികയാണെന്ന് അഭിപ്രായപ്പെട്ട കോടതി, സര്‍ക്കാര്‍ നോക്കുകൂലി നിരോധിച്ചിട്ടും ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത് അത്ഭുതപ്പെടുത്തുകയാണെന്നും പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com