വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവരെ നിര്‍ബന്ധമായി കുത്തിവയ്ക്കാം; 25 കൊല്ലം മുമ്പ് ഹൈക്കോടതി പറഞ്ഞത്

വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവരെ നിര്‍ബന്ധമായി കുത്തിവയ്ക്കാം; 25 കൊല്ലം മുമ്പ് ഹൈക്കോടതി പറഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡിന് എതിരെ സാധ്യമായ വിധത്തിലെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ലോകം. സാമൂഹ്യ അകലവും കൈകളുടെ ശുദ്ധിയുമെല്ലാം ഇതില്‍ മുഖ്യമാണെങ്കിലും ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എത്രയും വേഗം വാക്‌സിന്‍ എടുക്കുകയാണ്. സര്‍ക്കാരുകള്‍ പലവിധ പ്രചാരണങ്ങളിലൂടെ ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കുന്നവര്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്, ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ്. സമൂഹത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് നിര്‍ബന്ധപൂര്‍വമുള്ള വാക്‌സിനേഷന്‍ നടത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധി വ്യക്തമാക്കുന്നു.

പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുകയും അതു മനുഷ്യജീവനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന്, 1996 മെയ് 30ന് പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

വാക്‌സിന്‍ എടുക്കാതിരിക്കാനുള്ള മൗലിക അവകാശമുണ്ടെന്നാണ്, വാക്‌സിന്‍ വിരോധികള്‍ അവകാശപ്പെടുന്നതെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. വാക്‌സിന്‍ എടുത്തവരേക്കാള്‍ എടുക്കാത്തവര്‍ക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്ത് അധികാരം പ്രയോഗിക്കാന്‍ സര്‍ക്കാരിനാവുമെന്ന് അദ്ദേഹം വിശദീകരിച്ചു. 

സമൂഹത്തിന് മൊത്തത്തില്‍ ദോഷകരമാകാവുന്ന ഒരു അവകാശവും വ്യക്തിക്കു കല്‍പ്പിച്ചുനല്‍കാനാവില്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. 

ഹീമോഫീലിയ ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കോട്ടയം കലക്ടറുടെ ഉത്തരവു ചോദ്യം ചെയ്ത്, മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടിക്കു ചികിത്സ നല്‍കാന്‍ വിസമ്മതിച്ച മാതാപിതാക്കള്‍ ഇത് മൗലിക അവകാശമാണെന്നാണ് വാദിച്ചത്. വ്യക്തികളുടെ അവകാശവും സമൂഹത്തിന്റെ മൊത്തത്തിലുള്ള അവകാശവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ സമൂഹത്തിന്റെ അവകാശത്തിനു മേല്‍ക്കൈ ലഭിക്കുമെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com