'തിരികെ സ്‌കൂളിലേക്ക്', അന്തിമ മാര്‍ഗരേഖ പുറത്തിറക്കി, വിപുലമായ നിര്‍ദേശങ്ങള്‍

രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടാം
'തിരികെ സ്‌കൂളിലേക്ക്', അന്തിമ മാര്‍ഗരേഖ പുറത്തിറക്കി, വിപുലമായ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. തിരികെ സ്‌കൂളിലേക്ക് എന്ന പേരിലാണ് മാര്‍ഗരേഖ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. പൊതു നിര്‍ദേശങ്ങള്‍ അടക്കം മാര്‍ഗരേഖയ്ക്ക് എട്ടു ഭാഗങ്ങളുണ്ട്.  

ആറു വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവക്കാണ് പ്രധാന ചുമതലയെന്ന് മന്ത്രി പറഞ്ഞു. ആഴ്ചയില്‍ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകള്‍ ഉണ്ടാകുക. 

രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടാം. കുട്ടികള്‍ കൂട്ടം കൂടാതിരിക്കാന്‍ ശ്രമിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ ക്ലാസ്സുകളില്‍ വരേണ്ടതില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ എടുക്കണം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. യൂണിഫോം നിര്‍ബന്ധമല്ല. അസംബ്ലി തല്‍ക്കാലമില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അടുത്ത അധ്യയന ദിവസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണം. വിപുലമായ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കും. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗതഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യാത്രാസൗകര്യം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറന്നാലും ഡിജിറ്റല്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തി അത് തുടരും. അതിന് പ്രത്യേക ടൈംടേബിള്‍ സജ്ജമാക്കും. ഓട്ടോറിക്ഷകളില്‍ പരമാവധി മൂന്നു കുട്ടികളില്‍ കൂടുതല്‍ കൊണ്ടു വരാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. സാനിറ്റൈസറും തെര്‍മല്‍ സ്‌കാനറും സ്‌കൂളില്‍ ഉണ്ടായിരിക്കും. എല്ലാ ക്ലാസ് റൂമിന് വെളിയിലും കൈകഴുകുന്നതിന് ഒരു ബക്കറ്റ് വെള്ളവും സോപ്പും സജ്ജീകരിക്കും. ഓക്‌സിജന്‍ അളവ് നോക്കാന്‍ സൗകര്യവും ഉണ്ടായിരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ശ്രദ്ധപുലര്‍ത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവര്‍ അടക്കമുള്ളവര്‍ വാക്‌സിനേറ്റഡ് ആണെന്ന് ഉറപ്പുവരുത്തും. പൊതുഗതാഗതമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ സ്‌കൂളിന് സമീപത്തെ കടകളില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍, കടകളിലുള്ളവരും വാക്‌സിനേറ്റഡ് ആണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സ്‌കൂളുകളില്‍ കുട്ടികള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ബയോബബിള്‍ ആയാണ് ഒരു ക്ലാസ്സിനെ കണക്കാക്കുക. അധ്യാപകന്റെയോ, അധ്യാപികയുടേയോ ചുമതലയില്‍ ക്ലാസ്സിലെ കുറച്ച് കുട്ടികള്‍ എന്നുള്ള രീതിയിലാകും ബയോബബിള്‍ പ്രവര്‍ത്തനം. ഗുരുതര ആരോഗ്യപ്രസ്‌നങ്ങളോ, വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചവരോ സ്‌കൂളില്‍ വരാന്‍ പാടില്ല. ക്ലാസ്സുകളില്‍ രോഗലക്ഷണ രജിസ്റ്ററുകള്‍ സൂക്ഷിക്കണം. പിടിഎയുടെ നേതൃത്വത്തില്‍ ഒരു സ്‌കൂളില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 

സ്‌കൂളില്‍ ആരോഗ്യസംരക്ഷണ സമിതി പ്രവര്‍ത്തിക്കണം. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധി, പിടിഎ പ്രസിഡന്റ്, എസ്എംസി ചെയര്‍മാന്‍, ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവരാണ് സമിതിയിലുണ്ടാകുക എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com