'പ്രേതം മാലയിലേക്ക് ആവാഹിക്കപ്പെടും'; ബാധ ഒഴിപ്പിക്കാൻ അധ്യാപികയുടെ വീട്ടിലെത്തി, ഒടുവിൽ സ്വർണമാലയുമായി കടന്നു; അറസ്റ്റ് 

പ്രേതാനുഭവങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുർമന്ത്രവാദിയുമായി അധ്യാപിക പരിചയപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യാജേന നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തുടർച്ചയായി ദുസ്വപ്നങ്ങൾ കാണാറുള്ള അധ്യാപിക ബാധ ഒഴിപ്പിക്കാൻ സഹായം തേടിയതിന് പിന്നാലെയാണ് തട്ടിപ്പിനിരയായത്. കട്ടപ്പന സ്വദേശി ജോയിസ് ജോസഫിനെ (29) യാണ് അറസ്റ്റ് ചെയ്തത്.

പ്രേതാനുഭവങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുർമന്ത്രവാദിയുമായി അധ്യാപിക പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെല്ലോ ആണെന്നാണ് ജോയിസ് ഇവരോട് പറഞ്ഞത്. പ്രേതബാധ ഒഴിപ്പിക്കാൻ ജോയിസ് രണ്ട് തവണ അധ്യാപികയുടെ വീട്ടിലെത്തി. 

ഇയാൾത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡെപ്പിയിൽ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വെയ്ക്കാൻ ആവശ്യപ്പെട്ടു. ബാധ ആവാഹിക്കാനെന്നുപറഞ്ഞായിരുന്നു ഇത്. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നുമായിരുന്നു ഉറപ്പ് നാലുദിവസത്തിന് ശേഷം ഡെപ്പി തുറക്കട്ടേയെന്ന് അധ്യാപിക ചോദിച്ചപ്പോൾ ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെകണ്ട് ചോദിച്ചിട്ട് ആകാമെന്നായി മറുപടി. സംശയംതോന്നിയ ഇവർ ഡെപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. 

ഡേവിഡ്‌ ജോൺ എന്ന വ്യാജ ഫെയ്‌സ്ബുക്ക്‌ പ്രൊഫൈലിലൂടെ ഇയാൾ നിരവധി സ്ത്രീകളെ പറ്റിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നാണ് വിവരം. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com