'മോന്‍സനെതിരായ പരാതിക്കാര്‍ ഫ്രോഡുകള്‍';  ശ്രീനിവാസന്‍ ഒന്നരക്കോടി നല്‍കണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം
നടന്‍ ശ്രീനിവാസന്‍
നടന്‍ ശ്രീനിവാസന്‍

കൊച്ചി:  മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. മോന്‍സന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

'10 കോടി രൂപ നല്‍കിയെന്നു പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതില്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണ്. നിഷ്‌കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും. അപ്പോള്‍ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്.

മറ്റു പലരില്‍നിന്നു പണം വാങ്ങിയാണ് അയാള്‍ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാന്‍ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കില്‍ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതില്‍ വീണവര്‍ക്കാണ് പണം നഷ്ടമായത്. അത്യാര്‍ത്തിയുള്ളവര്‍ക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ.' എന്നായിരുന്നു ചാനല്‍ അഭിമുഖത്തിലെ ശ്രീനിവാസന്റെ വാക്കുകള്‍

തട്ടിപ്പുകാര്‍ എന്ന പരാമര്‍ശം നടത്തിയത് ആര്‍ക്കെതിരെയാണെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നില്ല. തനിക്കു നേരിട്ട് അറിയുന്ന ആളാണെന്നും പേരു പറയില്ലെന്നും സുഹൃത്തിന്റെ സഹോദരിയുടെ പുത്രനാണെന്നും പറഞ്ഞു. മോന്‍സന്റെ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും ഡോക്ടെന്ന് രീതിയിലാണ് പരിചയപ്പെട്ടതെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com