സജീന്ദ്രന്‍, ബിന്ദുകൃഷ്ണ, പത്മജ തുടങ്ങിയവര്‍ പരിഗണനയില്‍ ; കെപിസിസി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിച്ചേക്കുമെന്ന് കെ സുധാകരന്‍ 

വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു
കെ സുധാകരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷൻ ചിത്രം
കെ സുധാകരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷൻ ചിത്രം

ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹികളുടെ അന്തിമപട്ടിക ഇന്ന് തയ്യാറാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പുനഃസംഘടന ചര്‍ച്ച തുടരുകയാണ്. തീരുമാനങ്ങളിലേക്ക് പൂര്‍ണമായി എത്തിയിട്ടില്ല. ഇന്നു രാത്രിയോടെ അന്തിമ പട്ടിക തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍ പറഞ്ഞു. 

വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം പരിഗണിച്ചില്ലെന്ന വിമര്‍ശനം ഉണ്ടായിരുന്നു. അതു കൂടി പരിഹരിക്കുന്ന തരത്തിലാകും പട്ടിക തയ്യാറാക്കുകയെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. 

അന്തിമപട്ടികയില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി അവസാനവട്ട ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 51 അംഗ പട്ടികയാകും പ്രഖ്യാപിക്കുക എന്നാണ് സൂചന. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യമായി കുന്നത്തുനാട് മുന്‍ എംഎല്‍എ വി പി സജീന്ദ്രന്റെ പേരാണ് പരിഗണിക്കുന്നത്. 

വനിതാ പ്രാതിനിധ്യത്തിലേക്ക് മൂന്നുപേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, സുമ ബാലകൃഷ്ണന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ബിന്ദു കൃഷ്ണ, പത്മജ എന്നിവരില്‍ ആരെ നിയമിച്ചാലും ഭാരവാഹി മാനദണ്ഡത്തില്‍ നേതൃത്വം മുമ്പ് എടുത്ത തീരുമാനത്തില്‍ ഇളവ് നല്‍കേണ്ടി വരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com