ഒന്നരലക്ഷം രൂപ വാങ്ങി, തിരിച്ചുതന്നത് പൊളിക്കാൻ ഇട്ടിരുന്ന പജീറോ; മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2021 08:25 AM  |  

Last Updated: 09th October 2021 08:25 AM  |   A+A-   |  

Monson

മോന്‍സന്‍ മാവുങ്കൽ

 

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് പരാതിപ്പെട്ട് പൊലീസിനെ സമീപിച്ചത്. സ്വർണം പണയം വെച്ച് നൽകിയ പണം തിരികെ തന്നില്ലെന്നും പകരം പൊളിക്കാൻ ഇട്ടിരുന്ന പജീറോ കൈമാറിയെന്നും പരാതിയിൽ പറയുന്നു. 

2017 ഡിസംബർ 29നാണ് മോൻസൻ പരാതിക്കാരനോട് ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം പണമില്ലെന്ന് അറിയിച്ചെങ്കിലും സ്വർണം പണയം വെച്ചെങ്കിലും പണം കണ്ടെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ സ്വർണം പണയം വെച്ചാണ് ഇയാൾ മോൻസന് പണം നൽകിയത്. 2018 ജനുവരിയിൽ മോൻസൻ പറഞ്ഞതനുസരിച്ച് പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏൽപിച്ചു. 

ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതിയിലെ ആരോപണം. പണത്തിന് പകരമായി തനിക്ക് ഒരു പജീറോ കൈമാറിയെന്നും ഇത് പൊളിക്കാൻ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിക്കാരൻ പറയുന്നു. പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.