സന്ദീപ് നായർ ജയിൽ മോചിതനായി- 'സ്വപ്നയെ പരിചയപ്പെടുത്തിയത് സരിത്, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2021 04:26 PM  |  

Last Updated: 09th October 2021 04:26 PM  |   A+A-   |  

sandeep nair

സന്ദീപ് നായര്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് കഴിഞ്ഞിരുന്നത്. 

കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് സന്ദീപ് പറഞ്ഞു. സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് സരിത്താണ്. സ്വപ്നയെ സഹായിക്കാനായാണ് ബംഗളൂരുവിലേക്ക് ഒപ്പം പോയത്. സരിത്തിന്റെ എല്ലാ ബന്ധങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. നെടുമങ്ങാട്ടെ വർക്ക്‌ഷോപ്പ് തുടങ്ങിയത് ബാങ്ക് വായ്പ എടുത്ത്. മറ്റാരുടേയും സഹായം കിട്ടിയിട്ടില്ല.

പ്രത്യേകിച്ച് ഒരു പാർട്ടിയുടേയും ഭാഗമല്ല. വ്യക്തി ബന്ധങ്ങളാണ് തനിക്കുള്ളതെന്നും സന്ദീപ് പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ സന്ദീപ് മറ്റുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. 

സ്വർണക്കടത്തു കേസിലും ഡോളർ കടത്തു കേസിലും എൻഐഎ കേസിലും സന്ദീപിനു ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ പ്രകാരം ഒരു വർഷത്തെ കരുതൽ തടങ്കലിലായിരുന്നു. ആ കാലാവധി  അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്. സന്ദീപിന്റെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. സ്വപ്നയുടെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എൻഐഎ കേസിൽ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.