ഒമ്പതു ദിവസവും പ്രത്യേകം കളര്‍ വസ്ത്രങ്ങള്‍ ; ലംഘിച്ചാൽ പിഴ ; ജീവനക്കാര്‍ക്ക് 'ഡ്രസ് കോഡു'മായി ബാങ്ക്, സര്‍ക്കുലര്‍

എല്ലാ ദിവസവും നിശ്ചിത കളറിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിര്‍ദേശത്തിലുണ്ട്
ബാങ്ക് സർക്കുലർ / ടെലിവിഷൻ ചിത്രം
ബാങ്ക് സർക്കുലർ / ടെലിവിഷൻ ചിത്രം

കൊച്ചി: നവരാത്രി ആഘോഷവേളയില്‍ ബാങ്ക് ജീവനക്കാര്‍ക്ക് വസ്ത്രങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ദേശിച്ച് സര്‍ക്കുലര്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജരാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നവരാത്രിക്ക് ഓരോ ദിവസവും ബാങ്കില്‍ നിശ്ചിത നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. 

നിര്‍ദേശം ലംഘിച്ചാല്‍ ദിവസം 200 രൂപ പിഴ ഈടാക്കും. എല്ലാ ദിവസവും നിശ്ചിത കളറിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇതാദ്യമായിട്ടാണ് ഒരു ബാങ്ക് ഏതെങ്കിലും ആഘോഷവേളയില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കുന്നത്. 

ഒമ്പതു ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജരാണ് മുംബൈയില്‍ നിന്നും ജീവനക്കാര്‍ക്കും ബാങ്ക് ശാഖകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. 

സര്‍ക്കുലര്‍ പ്രകാരം നവരാത്രി ഒന്നാം ദിനത്തില്‍ മഞ്ഞ്, രണ്ടാം ദിനത്തില്‍ പച്ച, മൂന്നാം ദിനം ഗ്രേ, നാലാംദിനം ഓറഞ്ച്, അഞ്ചാംദിനം വെള്ള, ആറാംദിനം ചുവപ്പ്, ഏഴാംദിനം റോയല്‍ ബ്ലൂ, എട്ടാം ദിനം പിങ്ക്, ഒമ്പതാം ദിനം പര്‍പ്പിള്‍ കളറുകളിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ഡ്രസ് കോഡ് നിര്‍ദേശിച്ചുള്ള സര്‍ക്കുലറില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com