'ഇവര്‍ മാത്രമേ വനിതാ നേതാക്കളായിട്ടുള്ളോ?'; ബിന്ദുവിനും പത്മജയ്ക്കും ഇളവ് നല്‍കുന്നതിന് എതിരെ ഗ്രൂപ്പുകള്‍

കെപിസിസി പട്ടികയുടെ മാനദണ്ഡങ്ങളില്‍ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പുമായി എ,ഐ ഗ്രൂപ്പുകള്‍
പത്മജ  വേണുഗോപാല്‍, ബിന്ദു കൃഷ്ണ
പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കെപിസിസി പട്ടികയുടെ മാനദണ്ഡങ്ങളില്‍ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പുമായി എ,ഐ ഗ്രൂപ്പുകള്‍. നേതൃനിരയിലേക്ക് മറ്റ് വനിതകളില്ലെന്ന തോന്നലുണ്ടാക്കുമെന്നാണ് ഗ്രൂപ്പുകളുടെ വാദം. ഗ്രൂപ്പുകളും വ്യക്തികളും സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം പരിഗണിച്ച് 51 ഭാരവാഹികളിലേക്ക് എത്തിക്കാനാണ് നീക്കം.

പട്ടിക നല്‍കിയെങ്കിലും അവസാനവട്ട ചര്‍ച്ച നടന്നില്ലെന്ന വിമര്‍ശനവും ഗ്രൂപ്പുകള്‍ ഉയര്‍ത്തി. അഞ്ച് വര്‍ഷം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളില്‍ ഉണ്ടായവരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന നേതൃത്വത്തിന്റെ തീരുമാനത്തോട് ഗ്രൂപ്പുകള്‍ യോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിലവിലെ 51 അംഗ പട്ടികയ്ക്ക് പുറമെ നിര്‍വാഹക സമിതിയിലും അംഗങ്ങളായി ഉള്‍പ്പെടുത്താമെന്ന തീരുമാനം നേതൃത്വം അംഗീകരിച്ചിരുന്നു. അതില്‍ മാറ്റംവരുത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. വനിതാ നേതാക്കളുടെ പേരുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇവര്‍ മാത്രമേ വനിതാ നേതാക്കളായിട്ടുള്ളോ എന്ന ചോദ്യം ഉയരുമെന്നും അതുപാടില്ലെന്നും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞു.

അതേസമയം, പുതിയ പട്ടിക നേതൃത്വം ഇന്നുതന്നെ ഹൈക്കമാന്‍ഡിന് കൈമാറും എന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com