കുട്ടനാട്ടില്‍ ഹൗസ്‌ബോട്ട് മുങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡ് നിര്‍മാണത്തിനുള്ള ജങ്കാര്‍ കയറ്റിയിടുന്ന കുറ്റിയില്‍ തട്ടി ഹൗസ് ബോട്ടിന്റെ പിന്‍ഭാഗത്തെ പലക ഇളകിയതിനെത്തുടര്‍ന്നാണ് വെള്ളം കയറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ആലപ്പുഴ: കൈനകരിയില്‍ സഞ്ചാരികളുമായിപ്പോയ ഹൗസ്‌ബോട്ട് മുങ്ങി. പൂര്‍ണമായി മുങ്ങുന്നതിനു മുന്‍പ് 12 സഞ്ചാരികളെയും സുരക്ഷിതരായി കരയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലരയോടെ കൈനകരി മീനപ്പള്ളി തോട്ടിലാണു സംഭവം. റോഡ് നിര്‍മാണത്തിനുള്ള ജങ്കാര്‍ കയറ്റിയിടുന്ന കുറ്റിയില്‍ തട്ടി ഹൗസ് ബോട്ടിന്റെ പിന്‍ഭാഗത്തെ പലക ഇളകിയതിനെത്തുടര്‍ന്നാണ് വെള്ളം കയറിയത്. 

മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണ് വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, അതുവഴിവന്ന ശിക്കാരി വള്ളങ്ങളില്‍ യാത്രക്കാരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. പിന്നാലെ  വഞ്ചിവീട് കരയ്ക്കടുപ്പിച്ചെങ്കിലും വെള്ളം കയറി മുങ്ങിത്താണു. ആലപ്പുഴ ചുങ്കത്തെ ഒരു ഏജന്‍സി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന വഞ്ചിവീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തോടിന്റെ ഇരുവശങ്ങളിലും മുട്ടു സ്ഥാപിച്ച് മധ്യഭാഗത്തു ജങ്കാര്‍ ഇട്ടിരുന്നു. ലോറി ഇതില്‍ കയറ്റിയ ശേഷമാണു നിര്‍മാണസാമഗ്രികള്‍ ഇറക്കിയിരുന്നത്. നിര്‍മാണം നടക്കാത്ത സമയത്തും മുട്ടിനു സമീപത്താണു ജങ്കാര്‍ നങ്കൂരമിട്ടിരുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com