കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക്; പവര്‍ക്കട്ട് അടക്കം ആലോചനയിലെന്ന് മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th October 2021 11:50 AM  |  

Last Updated: 10th October 2021 11:50 AM  |   A+A-   |  

birds rescued by kseb workers

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തെയും ബാധിക്കും. കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെഎസ്ഇബി.

രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെ ബാധിച്ചു കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കൂടംകുളത്തു നിന്ന് ഇന്നലെ 30 ശതമാനം മാത്രമാണ് വൈദ്യുതി ലഭിച്ചത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 1000 മെഗാവാട്ടിലും കുറവുണ്ടായി. ഇങ്ങനെ പോയാല്‍ പവര്‍ക്കട്ട് അടക്കം നടപ്പിലാക്കേണ്ട നിവൃത്തിയില്ലാത്ത സാഹചര്യമാണ് വരാന്‍ പോകുന്നത് മന്ത്രി പറഞ്ഞു. പവര്‍ക്കട്ട് ഒഴിവാക്കി ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതടക്കമുള്ളവ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമുണ്ട്. മന്ത്രി കൂട്ടിച്ചേര്‍ത്തു.  

വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കെഎസ്ഇബി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. 

അതേസമയം കല്‍ക്കരി പ്രതിസന്ധി ആറ് മാസത്തോളം ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തു വരുന്നത്. അങ്ങനെ വന്നാല്‍ അടുത്ത വേനല്‍ കാലം ആകുമ്പോഴേയ്ക്കും കേരളത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമുണ്ടാകും. ഇത് മുന്നില്‍ കണ്ടാണ് ചില കടുത്ത നടപടികള്‍ വേണ്ടി വരുമെന്ന സൂചനകള്‍ മന്ത്രി നല്‍കിയിരിക്കുന്നത്.