ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരില്‍; ഇഡിയില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായി: സന്ദീപ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് മാപ്പുസാക്ഷി സന്ദീപ് നായര്‍
സന്ദീപ് നായര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
സന്ദീപ് നായര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് മാപ്പുസാക്ഷി സന്ദീപ് നായര്‍. പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി. വിചാരണ പൂര്‍ത്തിയായ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വര്‍ക് ഷോപ്പ് ഉദ്ഘാടന ചടങ്ങിന് അന്നത്തെ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തി ബന്ധത്തിന്റെ പേരിലാണ്. അതല്ലാതെ മറ്റൊന്നുമില്ല. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വഴി സ്പീക്കറെ ബന്ധപ്പെട്ടിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.

സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കസ്റ്റംസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. വിചാരണ കഴിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും സന്ദീപ് വ്യക്തമാക്കി.

നയതന്ത്ര ബാഗില്‍ വന്നത് എന്താണെന്ന് അറിഞ്ഞില്ല. യുഎഇ കോണ്‍സുലേറ്റുമായി വലിയ ബന്ധമില്ലെന്നും ഫൈസല്‍ ഫരീദിനെ അറിയില്ലെന്നും സന്ദീപ് പറഞ്ഞു. സരിത്ത് സുഹൃത്താണെന്നും അദ്ദേഹം വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു.കോണ്‍സലേറ്റില്‍ ഈദുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ചാരിറ്റി പുറത്ത് കരാര്‍ കൊടുക്കും. അങ്ങനെ ചില കാര്യങ്ങള്‍ സരിത്തുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്. 2013ലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ പോയെന്ന് പറഞ്ഞ് കസ്റ്റംസ് വിളിച്ചിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് റമീസിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് റമീസിനെ പരിചയം.

ആരോപണം വന്ന സമയത്ത് താന്‍ വര്‍ക്കല ഭാഗത്താണ് ഉണ്ടായിരുന്നത്. അപ്പോള്‍ സ്വപ്ന ഒരു വക്കീലിന്റെ സഹായത്തിനായി തന്നെ വിളിച്ചു. അങ്ങനെ വക്കീലുമായി സംസാരിച്ചു. ഹെല്പ് ആയിട്ട് കൂടെ വരാമോ എന്ന് സ്വപ്ന ചോദിച്ചു. താന്‍ ഒപ്പം പോയി. ഫാമിലി ആയിട്ടായിരുന്നു സ്വപ്ന വന്നത്. ഒളിവില്‍ കഴിഞ്ഞെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. സ്വന്തം ഐഡി പ്രൂഫ് ഒക്കെ നല്‍കിയാണ് യാത്ര നടത്തിയതും ഹോട്ടലില്‍ മുറിയെടുത്തതും.''- സന്ദീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com