വൈക്കം ഹണിട്രാപ്പ് കേസ്; ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ യുവതി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th October 2021 10:36 AM  |  

Last Updated: 10th October 2021 10:36 AM  |   A+A-   |  

Honey_Trap_Express_Illustrations

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്


വൈക്കം: ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍  രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി (28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍ (35) എന്നിവരാണു പിടിയിലായത്. 

എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിന് സമീപം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന്‍ ജോസിനെ(41) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രജനി വ്യാപാരിയോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബര്‍ 28ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 1,35,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 

ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിയ്ക്കുള്ളില്‍വെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിന്‍,സുഹൃത്ത് ജോസിലിന്‍ എന്നിവര്‍ചേര്‍ന്ന് മര്‍ദിച്ചു.

രജനിയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. ഇത് സമൂഹമാധ്യമങ്ങളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു.വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി കടന്നു. 

ബാക്കി തുകയ്ക്ക് ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് അറിയിച്ചു. ഈ വിവരം വ്യാപാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പൊലീസും വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ കാറിലുണ്ടായിരുന്നു. ഇതില്‍ ജോസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കടന്നുകളഞ്ഞു. കാസര്‍കോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നല്‍കാമെന്നുപറഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു. യുവതി നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.