നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ 12:30ന്; രാവിലെ 12 മണിവരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം 

രാവിലെ പത്തരമുതല്‍ പന്ത്രണ്ട് മണിവരെ മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും
നെടുമുടി വേണു
നെടുമുടി വേണു

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12: 30 ന് ശാന്തികവാടത്തില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ പത്തരമുതല്‍ പന്ത്രണ്ട് മണിവരെ മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍. ഇന്ന് ഉച്ചയോടെയാണ് മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു അന്തരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങിയ അപൂര്‍വ പ്രതിഭ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ അഞ്ഞൂറിലധികം വേഷങ്ങളാണ് നെടുമുടി വേണു എന്ന പ്രതിഭാധനനായ കലാകാരന്‍ തിരശ്ശീലയില്‍ നിറഞ്ഞാടിയത്. അനന്യമായ അഭിനയശൈലി കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാള്‍. ഈ അഭിനേതാവിനെ തേടി മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരും ആറ് വട്ടം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തേടിയെത്തി.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി ഉണ്ടായ സൗഹൃദം നെടുമുടി വേണു എന്ന സിനിമാനടന്റെ വളര്‍ച്ചയ്ക്ക് വലിയ സഹായകമായി. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. തകരയിലെ കഥാപാത്രം വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.

90ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003- ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007-ല്‍ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യന്‍ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com