ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി ; ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയ സാഹചര്യം അന്വേഷിക്കും

നാണമുണ്ടോ നിങ്ങള്‍ക്ക് എന്നായിരുന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം
മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നു
മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നു

തിരുവനന്തപുരം : ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയന്‍ സഭയെ അറിയിച്ചു. 

ചെമ്പോലയുടെ ആധികാരികത പരിശോധിക്കും. പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയതും അന്വേഷിക്കും. തെറ്റ് കണ്ടെത്തായല്‍ കര്‍ശന നടപടിയെടുക്കും. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കള്‍ പരിശോധിക്കാന്‍ പൊലീസിനാവില്ല. അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചത്. 

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ല. ബെഹ്‌റ പോയ സാഹചര്യം അന്വേഷിക്കും. ഇ ഡി അന്വേഷണത്തിന് ബെഹ്‌റ കത്ത് നല്‍കിയത് സംശയം തോന്നിയതിനാലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ സൈബര്‍ സമ്മേളനമായ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെമ്പോല വ്യാജമെങ്കില്‍, യഥാര്‍ത്ഥമെന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി എടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. അതിനിടെ, ഫാഷന്‍ഗോള്‍ഡ് തട്ടിപ്പിനെ സഭയില്‍ ന്യായീകരിച്ച് മുസ്ലിം ലീഗ് അംഗം എന്‍ ഷംസുദ്ദീനോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. 

നാണമുണ്ടോ നിങ്ങള്‍ക്ക് എന്നായിരുന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി എന്തിനാണ് ചൂടാവുന്നതെന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍, ഇതിനല്ലെങ്കില്‍ പിന്നെ എന്തിന് ചൂടാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com