മൂർഖനെക്കൊണ്ടു കടിപ്പിച്ചു ഉത്രയെ കൊന്നു; അപൂർവങ്ങളിൽ അപൂർവമായ കേസ്; വിധി ഇന്ന് 

ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം: ഉത്ര വധക്കേസ് വിധി ഇന്ന്. ഭർത്താവ് സൂരജ് പ്രതിയായ കേസിൽ കൊല്ലം ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ സൂരജ് മാത്രമാണ് പ്രതി. 

അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം വെള്ളശേരിൽ ഉത്ര(25)യെ  2020 മേയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന് പരാതി നൽകിയതോടെ ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി. 

ഏപ്രിൽ രണ്ടിന് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടർച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നൽകിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചു.

ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു കേസിൽ അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി. 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. 

ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com