'അച്ഛനും അമ്മയും ഉണ്ട്, അവരെ സംരക്ഷിക്കണം' ; കോടതിയില്‍ സൂരജ് പറഞ്ഞത്...

വിധി കേള്‍ക്കാനായി കോടതിയിലെത്തിച്ചപ്പോഴും സൂരജ് നിര്‍വികാരനായിരുന്നു
സൂരജ്, ഉത്ര / ഫയൽ ചിത്രം
സൂരജ്, ഉത്ര / ഫയൽ ചിത്രം

കൊല്ലം : ഉത്ര കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് സൂരജിന് കോടതി നാളെ ശിക്ഷ വിധിക്കും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷ നല്‍കണമെന്ന് ഉത്രയുടെ മാതാപിതാക്കളും ആഗ്രഹം പ്രകടിപ്പിച്ചു. 

വിധി കേള്‍ക്കാനായി കോടതിയിലെത്തിച്ചപ്പോഴും സൂരജ് നിര്‍വികാരനായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തനിക്ക് അച്ഛനും അമ്മയും ഉണ്ട്. അവരെ സംരക്ഷിക്കണം എന്നാണ് സൂരജ് മറുപടി നല്‍കിയത്. 

പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാഹചര്യവും കുറഞ്ഞശിക്ഷ നല്‍കാനുള്ള അനുകൂല ഘടകമായി പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വിധി കേള്‍ക്കാന്‍ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷും കോടതിയിലെത്തിയിരുന്നു. 

കേസില്‍ മൊഴികൊടുക്കാനെത്തിയ വാവ സുരേഷിനെ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഉത്ര പാമ്പുകടിയേറ്റു മരിച്ച സംഭവം അവരുടെ ബന്ധു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ത്തന്നെ വാവ സുരേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. അണലി രണ്ടാം നിലയിലെത്തി എന്നതും ഉത്രയുടെ മുറിയില്‍ മൂര്‍ഖന്‍ എത്തിയെന്നതും അസ്വാഭാവികമാണെന്ന് വാവ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. 

സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂര്‍ കോടതിയിലാണ് കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 

മൂന്നര ഏക്കര്‍ വസ്തുവും നൂറുപവന്‍ സ്വര്‍ണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപവീതം മാസം ചെലവിന് നല്‍കി. സൂരജ് ഇടയ്ക്കിടെ ഉത്രയെ മര്‍ദിക്കുമായിരുന്നുവെന്നതും രണ്ടാം കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com