'ഇത് പൂഞ്ഞാറല്ല, വിവരമറിയും'; പിസി ജോര്‍ജിന് എതിരെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍; പ്രസംഗിക്കാതെ വേദി വിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th October 2021 04:40 PM |
Last Updated: 12th October 2021 04:40 PM | A+A A- |

ചിത്രം: ഫെയ്‌സ്ബുക്ക്
കൊല്ലം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രസംഗിക്കാന്‍ എത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍. പിസി ജോര്‍ജ് പ്രസംഗം അവസാനിപ്പിച്ച് തിരികെപ്പോയി. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ നടക്കുന്ന എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണ് ജോര്‍ജ് എത്തിയത്.
വെള്ളാപ്പള്ളി നടേശനെ അപമാനിക്കാനാണ് പിസി ജോര്‍ജ് എത്തിയത് എന്നാരോപിച്ചായിരുന്നു യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധം.
സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പിസി ജോര്‍ജ് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ യൂണിയന്‍ കൗണ്‍സിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തില്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചു.
'ഇത് പൂഞ്ഞാറല്ല, എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ്. ഇവിടെയെത്തി ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചാല്‍ വിവരം അറിയുമെന്നും ചെരുപ്പേറുണ്ടാകുമെന്നും' ഇവര്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ പിസി ജോര്‍ജ് വേദി വിട്ടുപോവുകയായിരുന്നു. ശങ്കേഴ്‌സ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.