തീരാതെ തര്‍ക്കം, കെപിസിസി ഭാരവാഹി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു ; കെ സുധാകരന്‍ കേരളത്തിലേക്ക് മടങ്ങി

കെ സി വേണുഗോപാല്‍ മുന്നോട്ടുവെച്ച ചില പേരുകളോട് സംസ്ഥാന നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്
കെ സുധാകരന്‍/ഫയല്‍
കെ സുധാകരന്‍/ഫയല്‍

ന്യൂഡല്‍ഹി  : കെപിസിസി ഭാരവാഹി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന് പട്ടിക കൈമാറാനാവാതെ പ്രസിഡന്റ് കെ സുധാകരന്‍ കേരളത്തിലേക്കു മടങ്ങി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്നോട്ടുവെച്ച ചില പേരുകളോട് സംസ്ഥാന നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഭാരവാഹിത്വത്തിനുള്ള മാനദണ്ഡങ്ങളില്‍ ചിലര്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ട് ഡിസിസി മുന്‍ പ്രസിഡന്റുമാര്‍ക്ക് മാനദണ്ഡത്തില്‍ ഇളവ് നല്‍കണമെന്ന നിര്‍ദേശവും തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പാക്കുന്നതിലും ആശയക്കുഴപ്പം നീങ്ങിയിട്ടില്ല.

51 പേരായി വെട്ടിച്ചുരുക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ സംബന്ധിച്ച് സംസ്ഥാനത്തു നിന്ന് ആവശ്യങ്ങളും പരാതികളും സമ്മര്‍ദവും ഉയര്‍ന്നതോടെയാണ് തീരുമാനം നീണ്ടത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കളുമായി കേരളത്തില്‍ സുധാകരന്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കും. അനിശ്ചിതത്വം പരിഹരിച്ച ശേഷം ഈയാഴ്ച ഒടുവില്‍ സുധാകരന്‍ വീണ്ടും ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com