നിയമസഭാ കയ്യാങ്കളി കേസ്: വിടുതല്‍ ഹര്‍ജികള്‍ തള്ളി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 22ന് ഹാജരാവണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th October 2021 11:42 AM  |  

Last Updated: 13th October 2021 11:42 AM  |   A+A-   |  

assembly clash case

നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടിവരും.

പ്രതികള്‍ നവംബര്‍ 22ന് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. തുടര്‍ന്ന് വിചാരണ നടപടികളിലേക്കു കടക്കും. 

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസ് വീണ്ടും സിജെഎം കോടതിയിലെത്തിയതോടെയാണ്  മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെതിരെ അഭിഭാഷക പരിഷത്ത് നല്‍കിയ തടസ്സ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ കക്ഷിചേരാന്‍ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതി അനുവദിച്ചിരുന്നില്ല. മന്ത്രി അടക്കമുള്ളവരാണ് പ്രതികളെന്നും അതിനാല്‍ നീതിപൂര്‍വമായ വിചാരണയ്ക്കായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. 

വി ശിവന്‍കുട്ടിയെക്കൂടാതെ മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. 2015 മാര്‍ച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.