ഞാന്‍ റോഡിലൊരു കുഴികുഴിച്ചാല്‍ കേസെടുക്കില്ലേ? മുക്കിലും മൂലയിലും കൊടിമരങ്ങള്‍ അനുമതിയോടെയാണോ? സര്‍ക്കാരിനോട്‌ ഹൈക്കോടതി

അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാ​ഗങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി. മുക്കിലും മൂലയിലും കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് അനുമതിയോടെയാണോയെന്നു വ്യക്തമാക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. 

അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. തദ്ദേശ സെക്രട്ടറിയെ ഹർജിയിൽ സ്വമേധയാ കക്ഷിചേർത്തു. മന്നം ആയുർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടി കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം തേടി മന്നം ഷുഗർ മിൽസ് നൽകിയ ഹർജിയിലാണു കോടതിയുടെ ഇടപെടൽ നിർദേശം. 

ഹർജിയിലെ കാര്യം മാത്രമല്ല ഇതെന്നും വലിയ വ്യാപ്തിയുള്ള വിഷയമാണെന്നും കോടതി വിലയിരുത്തി. ‘ഞാൻ റോഡിലൊരു കുഴികുഴിച്ചാൽ കേസെടുക്കില്ലേ’ എന്നു കോടതി ചോദിച്ചു. കലൂർ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിക്ക് 2 കൊടിമരങ്ങൾ ഉണ്ട്. ആരു പറഞ്ഞിട്ടാണ് അതു വച്ചിരിക്കുന്നത്? ഇക്കാര്യത്തിൽ എല്ലാവരും അന്ധരാണെന്നും കോടതി പറഞ്ഞു. 

ആർക്കും പറയാൻ ധൈര്യമില്ല. എവിടെയെല്ലാം പൊതുവാഹനങ്ങളുടെ സ്റ്റാൻഡുണ്ടോ, എവിടെയെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടോ അവിടെയെല്ലാം കൊടിമരങ്ങൾ ഉണ്ട്. ഇതെല്ലാം അനുമതി വാങ്ങിയാണോ സ്ഥാപിച്ചതെന്നാണു പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. നവംബർ ഒന്നിനു ഹർജി  വീണ്ടും പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com