മറിഞ്ഞ ട്രെയ്‌ലര്‍ ലോറി ഉയര്‍ത്താനുള്ള ശ്രമത്തില്‍ / ടെലിവിഷന്‍ ചിത്രം
മറിഞ്ഞ ട്രെയ്‌ലര്‍ ലോറി ഉയര്‍ത്താനുള്ള ശ്രമത്തില്‍ / ടെലിവിഷന്‍ ചിത്രം

ഗൂഗിള്‍ മാപ്പ് നോക്കി എളുപ്പവഴി തേടി ; രണ്ട് കൂറ്റന്‍ ട്രെയ്‌ലറുകള്‍ അട്ടപ്പാടി ചുരത്തില്‍ കുടുങ്ങി, വന്‍ ഗതാഗതക്കുരുക്ക് 

കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകളാണ് കുടുങ്ങിയത്

പാലക്കാട് : രണ്ട് കൂറ്റന്‍ ട്രെയ്‌ലര്‍ ലോറികള്‍ കുടുങ്ങിയതോടെ അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം സ്തംഭിച്ചു.  ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് നൂറു കണക്കിന് വാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ട്രക്കുകളെ ക്രെയിന്‍ ഉപയോഗിച്ചുയര്‍ത്തി നീക്കം ചെയ്ത ശേഷമേ ചുരം വഴി ഗതാഗതം പുനഃസ്ഥാപിക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഗൂഗിള്‍ മാപ്പ് നോക്കി പോയ ഇതരസംസ്ഥാനക്കാരായ ഡ്രൈവര്‍മാരാണ് കുഴപ്പത്തിലായത്. കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകളാണ് കുടുങ്ങിയത്. കിലോമീറ്ററുകള്‍ ലാഭിക്കാനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞപ്പോള്‍ വഴികാട്ടിയത് അട്ടപ്പാടി ചുരം വഴിയുള്ള ഷോട്ട് കട്ട്. പിന്നൊന്നും നോക്കിയില്ല, ഇവര്‍ വാഹനവുമായി മുന്നോട്ട് പോയി.

ഒരു വിധം മുന്നോട്ടുപോകവെ, ഒരു ട്രക്ക് ഏഴാം മൈലില്‍ കുടുങ്ങുകയും മറ്റൊന്ന് എട്ടാം വളവില്‍ മറിയുകയും ചെയ്തു. ആരുടെയും പരുക്ക് സാരമുള്ളതല്ല. വലിയ വാഹനങ്ങള്‍ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ നല്‍കാതിരുന്നതാണ് അപകടകാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com