കാണാതായ കുട്ടി കുളത്തില്‍ വീണു മരിച്ചനിലയില്‍; ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എങ്ങനെ അവിടെ എത്തിയെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2021 04:53 PM  |  

Last Updated: 15th October 2021 04:53 PM  |   A+A-   |  

2 year old missing from calicut drown to death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ സമീപത്തെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്റെയും ആലക്കോട് കരുവന്‍ഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകന്‍ ജിയാന്‍ സുജിത്ത് (രണ്ടര) ആണ് മരിച്ചത്. 

കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന  ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തിലാണ് കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു.  അങ്ങനെയാണ് കുളത്തില്‍ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച  കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍  ജില്ലയില്‍ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വന്നതായിരുന്നു ഫിസിക്‌സ് അധ്യാപികയായ ജിഷ മോള്‍ അഗസ്റ്റിനും കുടുംബവും.പത്ത് മണിയോടെ  കാണാതായ കുട്ടി എങ്ങനെ കുളത്തിലെത്തിയെന്ന സംശയം എല്ലാവരും പ്രകടിപ്പിക്കുന്നുണ്ട്. ക്വാട്ടേഴ്‌സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം.