പറഞ്ഞത് ജനങ്ങളുടെ വികാരം; കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ട്; ഖേദപ്രകടനം നടത്തിയിട്ടില്ല;  മുഹമ്മദ് റിയാസ്

ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
പി എ മുഹമ്മദ് റിയാസ്/ഫയല്‍
പി എ മുഹമ്മദ് റിയാസ്/ഫയല്‍

കോഴിക്കോട്:  ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയെന്ന നിലയില്‍ നടപ്പാക്കുന്നത് എല്‍ഡിഎഫ് നയമാണെന്നും റിയാസ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.

അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. ഉറക്കത്തില്‍ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്.

അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.

പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് വരാം
 

എംഎല്‍എമാര്‍ക്ക് തീര്‍ച്ചയായും ഏതൊരു പ്രശ്‌നത്തിനും മന്ത്രിയെ കാണാം. ആ ഒരുനിലപാട് എടുക്കുന്നയാളാണ് താന്‍. സ്വന്തം മണ്ഡലത്തിലെ പൊതുമരാത്ത് പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് സമീപിക്കാം. മറ്റൊരുമണ്ഡലത്തിലെ കരാറുകാരന് വേണ്ടി എംഎല്‍എ മാര്‍ വരുമ്പോള്‍ മണ്ഡലത്തിലെ എംഎല്‍എമാരും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിയമസഭയിലെ പ്രസംഗത്തില്‍ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു. 

ചൂണ്ടിക്കാട്ടിയത് ജനങ്ങളുടെ വികാരം
 

എംഎല്‍എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും തന്റെ നിലപാടിനെതിരെ അഭിപ്രായം പറഞ്ഞിട്ടില്ല. താന്‍ ഇക്കാര്യത്തില്‍ ഖേദപ്രകടനവും നടത്തിയിട്ടില്ല. പറഞ്ഞതില്‍ നിന്ന് ഒരടി പിറകോട്ട് പോയിട്ടില്ലെന്നും റിയാസ് പറഞ്ഞു.നാട്ടിലെ ജനങ്ങളുടെ വികാരമാണ് ചൂണ്ടിക്കാട്ടിയത്. പറഞ്ഞത് എല്‍ഡിഎഫ് നയമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലെ പ്രസംഗം
 

കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വെച്ച് മന്ത്രി പറഞ്ഞത്.

എന്നാല്‍, നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തില്‍ പാര്‍ട്ടി എംഎല്‍എമാര്‍ മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞത്. തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറായിരുന്നു വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ അഴീക്കോട് എംഎല്‍എ കെവി സുമേഷും കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രനും വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com