അനിത പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്

മോന്‍സനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതായി അനിത അറിയിക്കുന്നു
മോന്‍സന്‍, അനിത പുല്ലയില്‍ / ടെലിവിഷന്‍ ചിത്രം
മോന്‍സന്‍, അനിത പുല്ലയില്‍ / ടെലിവിഷന്‍ ചിത്രം

കൊച്ചി : തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തായിരുന്ന വിദേശ മലയാളി വനിത അനിത പുല്ലയിലും ഐജി ലക്ഷ്ണും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്. മോന്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. മോന്‍സന്‍ അറസ്റ്റിലായ വിവരം ലക്ഷ്മണനെ അറിയിച്ചത് അനിത പുല്ലയിലാണ്. 

സെപ്റ്റംബര്‍ 25 ന് രാത്രി 9.21 ന് അനിത പുല്ലയിലും ഐജി ലക്ഷ്മണും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മോന്‍സനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതായി അനിത അറിയിക്കുന്നു. മോന്‍സനെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രണ്ടു വര്‍ഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നു എന്നും ചാറ്റില്‍ പറയുന്നു. 

നിര്‍ണായക വിവരം പങ്കുവെച്ചതിന് ഐജി ലക്ഷ്മണ്‍ അനിത പുല്ലയിലിന് നന്ദി അറിയിക്കുന്നുണ്ട്. ഇതടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും പരിചയപ്പെടുത്തിയതും അനിത പുല്ലയിലാണ്.

തട്ടിപ്പിനെപ്പറ്റി അനിതയ്ക്ക് അറിയാമെന്ന് വെളിപ്പെടുത്തൽ

അതിനിടെ മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെപ്പറ്റി അനിത പുല്ലയിലിന് അറിയാമായിരുന്നു എന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തി. മോന്‍സന്റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോന്‍സന്റെ മുന്‍ മാനേജര്‍ എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചിരുന്നുവെന്നും അജി പറയുന്നു. 
 
തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോന്‍സനുമായി സൗഹൃദം തുടര്‍ന്നിരുന്നുവെന്നും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായിരുന്നുവെന്നും അജി പറയുന്നു. 

വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com