കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നോക്കേണ്ടത് എഐസിസി ഓഫീസിലേക്ക്; കെ സി വേണുഗോപാല്‍ ബിജെപിയുടെ നമ്പര്‍ വണ്‍ ഏജന്റ്: പി വി അന്‍വര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 11:44 AM  |  

Last Updated: 16th October 2021 11:47 AM  |   A+A-   |  

pv anvar mla

പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ / ടെലിവിഷന്‍ ദൃശ്യം

 

മലപ്പുറം : കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. തന്നെ തിരഞ്ഞ് കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നടക്കേണ്ട. പകരം എഐസിസി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിക്കേണ്ടത്. കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ ബിജെപിയുടെ നമ്പര്‍ വണ്‍ ഏജന്റാണ് വേണുഗോപാലെന്നും അന്‍വര്‍ പറഞ്ഞു. 

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്‍പ്പിച്ച ഏജന്റായി പ്രവര്‍ത്തിക്കുകയാണ് കെ സി വേണുഗോപാല്‍. നാലഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത വേണുഗോപാല്‍ ഇപ്പോള്‍ കേരളം ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് വേണുഗോപാലിന്റെ നോമിനിയാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്ക് നാടുകാണി ചുരത്തിലെ കുട്ടിക്കുരങ്ങിന്റെ വിലയേ ഉള്ളൂവെന്നും അന്‍വര്‍ പറഞ്ഞു.

എംഎല്‍എ ആയി കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്നാല്‍ എന്ത് തെമ്മാടിത്തരവും പറയാമെന്നാണ് ഇവരുടെ തോന്നല്‍. അതെല്ലാം കേട്ട് സഹിക്കണം എന്ന ധാരണ ചില ആളുകള്‍ക്കുണ്ട്. ഇങ്ങോട്ട് കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധി വരെ ക്ഷമിക്കും. പരിധിവിട്ടാല്‍ അതിനനുസരിച്ച് മറുപടി കൊടുക്കുമെന്നും അന്‍വര്‍ പറഞ്ഞു. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. എംഎല്‍എ ആയെന്ന് വച്ച് അവര്‍ പറയുന്നതെന്തും കേട്ടിരിക്കാന്‍ പറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു.

കേരളം ഞാന്‍ പൂര്‍ണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം.ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി വി അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. 60 ദിവസം തുടര്‍ച്ചയായി നിയമസഭയില്‍ എത്താതിരുന്നാല്‍ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം യുഡിഎഫ്. ശക്തമാക്കുന്നതിനിടെ, കഴിഞ്ഞദിവസമാണ് അന്‍വര്‍ നാട്ടിലെത്തിയത്.