പിഎസ്‌സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് മറന്ന് പെണ്‍കുട്ടി, ഹാള്‍ടിക്കറ്റുമായി പാഞ്ഞ് ട്രാഫിക് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 07:57 AM  |  

Last Updated: 16th October 2021 07:57 AM  |   A+A-   |  

Young man throws police jeep

പ്രതീകാത്മക ചിത്രം


തൃശ്ശൂർ: പിഎസ്‌സി ഹാള്‍ടിക്കറ്റ് എടുക്കാൻ മറന്ന പെൺകുട്ടിക്ക് സഹായവുമായി ട്രാഫിക്ക് പൊലീസിന്റെ ഇടപെടൽ. തൃശ്ശൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.30-നായിരുന്നു സംഭവം. സിവിൽ പൊലീസ്‌ ഓഫീസർ സിപി സുധീഷ് ആണ് സമയോചിത ഇടപെടലിലൂടെ പെൺകുട്ടിയെ പരീക്ഷ എഴുതാൻ സഹായിച്ചത്.

 എന്നെയൊന്നു സഹായിക്കണം എന്ന് പരിഭ്രമത്തോടെ പറഞ്ഞുകൊണ്ട് പെൺകുട്ടി സുധീഷിനെ സമീപിക്കുകയായിരുന്നു. പേടിക്കാതെ കാര്യം പറയാൻ പറഞ്ഞ് സുധീഷ് പെൺകുട്ടിയെ ആശ്വസിപ്പിച്ചു. പിഎസ് സി പരീക്ഷയ്ക്കു വന്നതാണെന്നും ഹാൾടിക്കറ്റെടുക്കാൻ മറന്നുവെന്നും പെൺകുത്തി പറഞ്ഞു. 

തൃശ്ശൂരിലെ ടെക്നിക്കൽ സ്കൂളിലായിരുന്നു പെൺകുട്ടിക്ക് പരീക്ഷ. പത്തുമണിക്ക് പരീക്ഷാഹാളിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല. ഇതോടെ ഹോൾടിക്കറ്റ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ സുധീഷ് ആവശ്യപ്പെട്ടു. പിന്നാലെ അത് തന്റെ ഫോണിലേക്ക് അയക്കാൻ പറഞ്ഞു. 

ഈ ഹാൾടിക്കറ്റ് വാട്സ്ആപ്പ് വഴി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് സുധീഷ് അയച്ചുകൊടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥൻ ഉടൻ പ്രിന്റ് ഔട്ട് എടുത്ത് ജീപ്പിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. ഉടനെ തന്നെ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽക്കയറ്റി പരീക്ഷാകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഒപ്പം വിജയാശംസകളും നേർന്നു.