സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 06:12 AM  |  

Last Updated: 16th October 2021 06:12 AM  |   A+A-   |  

suhasini

സുഹാസിനി ചിത്രം/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം:  ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. എണ്‍പത് സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 ചിത്രങ്ങളാണ്. 

ഫഹദ് ഫാസിലും ബിജുമേനോനും മൽസരത്തിൽ

അയ്യപ്പനും കോശിയും, വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. ഫഹദ് ഫാസില്‍, ജയസൂര്യ, ബിജു മേനോന്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനായി മത്സര രംഗത്തുണ്ട്. ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്  തുടങ്ങിയവരാണ് നടിമാരുടെ പട്ടികയിലുള്ളത്. 

ജൂറിയെ നയിക്കാന്‍ വനിത

ഇത്തവണ ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്. നടിയും സംവിധായികയുമായ സുഹാസിനി അധ്യക്ഷയായ വിധിനിര്‍ണയ സമിതിയാണ് അന്തിമ ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് പ്രാഥമിക, അന്തിമ മൂല്യനിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്. കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ അധ്യക്ഷന്മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമാണ്.