മഴക്കെടുതി: മരണം 13 ആയി, കൂട്ടിക്കലില്‍ ഒന്‍പത് മൃതദേഹം കൂടി കണ്ടെത്തി, കൊക്കയാറില്‍ എട്ടുപേര്‍ക്കായി തെരച്ചില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 01:28 PM  |  

Last Updated: 17th October 2021 01:28 PM  |   A+A-   |  

KERALA RAIN TODAY

ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാറില്‍ നിന്നുള്ള ടെലിവിഷന്‍ ദൃശ്യം

 

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞദിവസം ഉണ്ടായ കനത്തമഴയില്‍ മരണം 13 ആയി ഉയര്‍ന്നു. കോട്ടയം കൂട്ടിക്കലില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും ഇടുക്കി പെരുവന്താനത്ത് ഒരാളും ഉള്‍പ്പെടെ 13 പേരാണ് കഴിഞ്ഞദിവസം ഉണ്ടായ കനത്തമഴയില്‍ ഇതുവരെ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍
 

കൂട്ടിക്കലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഒന്‍പതുപേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (47), പ്ലാപ്പള്ളിയില്‍ കാണാതായ റോഷ്‌നി (48), സരസമ്മ മോഹനന്‍ (57), സോണിയ (46), മകന്‍ അലന്‍ (14) എന്നിവരെ തിരിച്ചറിഞ്ഞു. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. ഓലിക്കല്‍ ഷാലറ്റ്, കൂവപ്പള്ളിയില്‍ രാജമ്മ എന്നിവര്‍ മരിച്ചത് ഒഴുക്കില്‍പ്പെട്ടാണ്. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാറില്‍ ഒരു കുടുംബത്തിലെ ഏഴുപേരുള്‍പ്പെടെ എട്ടുപേര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്. കളപ്പുരയ്ക്കല്‍ നസീറിന്റെ കുടുംബത്തെയാണ് കണ്ടെത്താനുള്ളത്.  

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
 

മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം.  വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.