കുട്ടിയുടെ ശരീരത്തിനൊപ്പം ലഭിച്ചത് മറ്റൊരു കാല്‍; മണ്ണിനടിയില്‍ ഇനിയും ആളുണ്ടെന്ന് സംശയം, കൂട്ടിക്കലില്‍ വീണ്ടും തെരച്ചില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 17th October 2021 08:36 PM |
Last Updated: 17th October 2021 08:36 PM | A+A A- |

ചിത്രം: എഎന്‍ഐ
കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍കൂടി മരിച്ചതായി സംശയം. മരിച്ച കുട്ടിയുടെ മൃതദേഹത്തിനൊപ്പമുള്ള കാല്‍ കുട്ടിയുടേത് അല്ലെന്ന് ഡോക്ടര്‍മാര്‍. അലന്‍ എന്ന കുട്ടിയുടെ ശരീരത്തിനൊപ്പം ലഭിച്ച കാല്‍ മറ്റൊരാളുടേതാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇത് ഒരു പുരുഷന്റെ കാലാണെന്നാണ് നിഗമനം. ഡിഎന്‍എ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വീണ്ടും തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. നേരത്തെ, രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
കൂട്ടിക്കലില്‍ നിന്ന് പതിമൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 9 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും രണ്ടുപേരെ കാണാതായെന്നും ജില്ലാഭരണകൂടം അറിയിച്ചു.
തൊട്ടിലില്‍ കിടക്കുന്ന നിലയില്‍ കുരുന്നിന്റെ മൃതദേഹം
അതേസമയം, കൊക്കയാറില്‍ നിന്ന് കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ തീരാ വേദനയായി. പരസ്പരം കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടുകുട്ടികളുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത്. ഒരുകുട്ടിയുടേത് തൊട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു. ഭാര്യയും രണ്ട് മക്കളുമടക്കം ഉറ്റവരായ അഞ്ചുപേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി.
ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടില്‍ എത്തിയ സിയാദിന്റെ ഭാര്യ ഫൗസിയയും മക്കളായ പത്തുവയസുകാരന്‍ അമീനും 7വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്സാനയും അഫിയാനെയുമാണ് സിയാദിന് ദുരന്തത്തില്‍ നഷ്ടമായത്
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണില്‍ പുത്തഞ്ഞ കുട്ടികളുടെ മൃതദേഹങ്ങള്‍ ഓരോന്നായി പുറത്തെടുക്കുമ്പോള്‍ 2കുട്ടികള്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയിലും ഒരാള്‍ തൊട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.