സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 04:46 PM  |  

Last Updated: 17th October 2021 04:46 PM  |   A+A-   |  

heavy rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 

ന്യൂനമര്‍ദ്ദം ദുര്‍ബലമായി

തെക്ക്കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ദുര്‍ബലമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാനാണ് സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ അവശേഷിപ്പുകള്‍ തുടരുന്നതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടര്‍ന്നേക്കും. അതേസമയം, കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും. തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്.

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
 

ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംത്തിട്ട, കോട്ടയം ജില്ലകള്‍ക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. തുടര്‍ച്ചയായി ഇനിയും ഈ മേഖലകളില്‍ മഴ പെയ്താല്‍ സ്ഥിതി ഗുരുതരമാകുമെന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 

കെഎസ്ഇബിയുടെ കക്കി, ഷോളയാര്‍, പെരിങ്ങല്‍കൂത്ത്, കുണ്ടള, കല്ലാര്‍ക്കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ അണക്കെട്ടുകളിലും, ജലസേചന വകുപ്പിന്റെ ചുള്ളിയാര്‍, പീച്ചി അണക്കെട്ടുകളിലും റെഡ് അലര്‍ട്ടാണ്. ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രത വേണം. സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്.