അടങ്ങാതെ മഴ; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 08:01 PM  |  

Last Updated: 18th October 2021 08:01 PM  |   A+A-   |  

peppara_dam

ചിത്രം: ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രാത്രി പത്തിനാണ് ഉയര്‍ത്തുക. ഡാമിന്റെ ഒന്നും നാലും ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതവും രണ്ടും മൂന്നും ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തും.

നാളെ രാവിലെ നാലുമണിയ്ക്ക് ഇതേ അളവില്‍ 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും.  ഇതോടെ മൊത്തം 200 സെന്റീമീറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തും. സമീപ വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് തുടരുന്നത്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നിട്ടുണ്ട്. 

ഇടുക്കി ഡാം തുറക്കും 

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കും. ഡാം തുറക്കുന്നതിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. അണക്കെട്ട് തുറക്കുമ്പോള്‍ നേരിട്ട് ബാധിക്കാനിടയുള്ള 222 പേരെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 വെള്ളം ഒഴുകി വരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരിയാര്‍ തീരത്ത് ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

രാവിലെ ഏഴു മണിക്ക് ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, ജലനിരപ്പ് 2395 അടിയിലേക്ക് താഴ്ത്തി നിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.