തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം, രണ്ടുപേര്‍ പിടിയില്‍, തോക്ക് കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 02:48 PM  |  

Last Updated: 19th October 2021 02:48 PM  |   A+A-   |  

police kanjavu

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. കിള്ളിപ്പാലത്താണ് സംഭവം നടന്നത്. പൊലീസിന് നേരെ സംഘം ബോംബെറിഞ്ഞു. കിള്ളി ടവേഴ്‌സ് ലോഡ്ജില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ടുപേരെ പൊലീസ് പിടികൂടി. 

രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. രജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. ബോംബ് എറിഞ്ഞ ശേഷം ഇവര്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ ഒരാള്‍ സമീപത്തെ കടയിലേക്ക് ഓടിക്കയറി. എന്നാല്‍ കടക്കാര്‍ ഒളിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഓട്ടോസ്റ്റാന്റിലെത്തിയ പ്രതി ഷര്‍ട്ട് ധരിക്കാതിരുന്നത് ശ്രദ്ധിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടോ എടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 

ഇവരില്‍നിന്ന് അഞ്ചുകില കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്. മൂന്നു തോക്കുകളും രണ്ടുവെട്ടുകത്തികളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

തുടരുന്ന ആക്രമണങ്ങള്‍ 

നേരത്തെയും തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം നടന്നിരുന്നു. കുറ്റിച്ചല്‍ നെല്ലിക്കുന്നിലാണ് ജൂലൈയില്‍ പൊലീസിന് നേരെ ആക്രമണം നടന്നത്. നെല്ലിക്കുന്ന് കോളനിയില്‍ പരിശോധനയ്ക്ക് എത്തിയ നെയ്യാര്‍ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. പൊലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം, പൊലീസ് ജീപ്പ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.